മലബാറിന്റെ വികസന ചരിത്രത്തിൽ സുപ്രധാന ഏടായ പ്രഥമ സംഘടിത ക്നാനായ മലബാർ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപത കണ്ണൂർ റീജൻ സംഘടിപ്പിക്കുന്ന കുടിയേറ്റ പ്രേഷിത സംഗമത്തിന്റെയും എയ്ഞ്ചൽസ് മീറ്റിന്റെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 9 ശനിയാഴ്ച പയ്യാവൂർ ടൗണിൽ നടക്കുന്ന സംഗമത്തിൽ നാലായിരത്തിൽ പരം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 30 ന് മോൺ. ഊരാളിൽ നഗറിൽ നിന്നും ആരംഭിക്കുന്ന കുടിയേറ്റ പ്രേഷിത റാലിയിൽ മലബാറിലെ 37 ഇടവകകളിൽ നിന്നും മിഷൻലീഗ്, തിരുബാല സഖ്യം അംഗങ്ങൾ അണിനിരക്കും. പയ്യാവ്വൂർ ടൗൺ ചുറ്റി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അങ്കണത്തിലെ ഷെവലിയർ കണ്ടോത്ത് നഗറിൽ റാലി സമാപിക്കുകയും തുടർന്ന് പൊതുസമ്മേളനം ആരംഭിക്കുകയും ചെയ്യും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ആദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപതാ മെത്രാൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പിൽ, മിഷൻലീഗ് ദേശീയ സെക്രട്ടറി സുജി തോമസ് പുല്ലുകാട്ട് , ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. അബ്രാഹം പറമ്പേട്ട്, മടമ്പം ഫൊറോനാ വികാരി ഫാ. ജോർജ് കപ്പുകാലായിൽ, മിഷൻലീഗ് റീജണൽ പ്രസിഡന്റ് ജിതിൻ ജോസഫ് മുതുകാട്ടിൽ, തിരുബാലസഖ്യം റീജണൽ ഡയറക്ടർ ഫാ. ബിനു ഉറുമ്പിൽകരോട്ട് എന്നിവർ പ്രസംഗിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടികളുടെ വിജയത്തിനായി 7 കമ്മിറ്റികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. റാലിയിൽ പങ്കെടുക്കുന്നവർ 1 45 ന് മുൻപായി സ്റ്റേഡിയത്തിൽ പ്രവേശിക്കുവാൻ ശ്രദ്ധിക്കണമെന്നും റാലി ആരംഭിച്ചു കഴിഞ്ഞാൽ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്നും പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ, കൺവീനർ ബിനു തകിടിയേൽ എന്നിവർ അറിയിച്ചു.
Guided by Libin K. Kurian 8281591206
